Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

വ്യാഴാഴ്‌ച, മേയ് 01, 2014

കെ.ചന്ദ്രമോഹന്‍ - മാര്‍ക്കേസിനെ പരിചയപ്പെടുത്തിയ കതിരൂര്‍ക്കാരന്‍

അകലങ്ങളില്‍ ‘ഗാബോ’; ഓര്‍മ്മകള്‍ തിരമുറിയാതെ ചന്ദ്രമോഹന്‍ 

 ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസ് എന്ന വിശ്വസാഹിത്യകാരനെ ആദ്യമായി മലയാളിക്ക് പരിചയപ്പെടുത്തിയ ചന്ദ്രമോഹന്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍ ബഹളങ്ങളില്‍ നിന്നല്ലാം മാറിനിന്ന് കതിരൂരിലെ വീട്ടില്‍ പുസ്തകങ്ങള്‍ക്ക്   നടുവില്‍  ജീവിക്കുന്നു. മാര്‍ക്കേസിനെ പരിചയപ്പെടുത്തിയെന്ന അവകാശവാദം ഉന്നയിക്കാനും അദ്ദേഹം തയ്യാറല്ല. അതൊന്നും ഇപ്പോള്‍ തന്റെ ചിന്താമണ്ഡലത്തിലെ വിഷയമല്ലെന്നാണ് ചന്ദ്രമോഹന്റെ പക്ഷം.
ചന്ദ്രമോഹന്‍ കതിരൂരിലെ വീട്ടില്‍
     1977ല്‍ തലശ്ശേരിയിലെ മഹാത്മാ കോളജ് പ്രിന്‍സിപ്പാളായിരുന്ന എം. പി. രാധാകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച സമസ്യയുടെ പ്രഥമ ലക്കത്തില്‍ ഗബ്രിയേലിന്റെ Tuesday Siesta എന്ന കഥ ‘ഉച്ചമയക്കം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്താണ് ഗാബോ സാഹിത്യം മലയാളത്തിന് ചന്ദ്രമോഹന്‍ തുറന്നു കൊടുക്കുന്നത്. No One Writes to the Colonel (കേണലിന് ആരും എഴുതുന്നില്ല)  എന്ന നോവലിലെ ഒരു ഭാഗമാണ് ഉച്ചമയക്കം. ഇംഗ്ലീഷില്‍ നിന്നാണ് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. കേരളത്തിന്റെ സംസ്കാരവുമായി ഏറെ ബന്ധം തോന്നിയതുകൊണ്ടാണ് പരിഭാഷചെയ്യാന്‍ തയ്യാറായത്. കേരള സംസ്കാരവുമായി അടുപ്പം തോന്നുന്ന കൃതികള്‍ മാത്രമേ ചന്ദ്രമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.  
     1983 ല്‍ ഇരുപത്തിയൊമ്പതാം വയസ്സില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ചന്ദ്രമോഹന്‍ അവസാനിപ്പിച്ചു. അതിനു കാരണം സമൂഹത്തിനോടുള്ള ചില കാഴ്ചപ്പാടുകളാണ്. എങ്കിലും ഇംഗ്ലീഷിലേക്ക് നിരവധി ഗ്രന്ഥങ്ങള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ചിലത് വിദേശ പ്രസാധകരാണ് പ്രസിദ്ധീകരിച്ചത്. മൊഴിമാറ്റം നടത്തിയിട്ടുള്ള ഒരു പുസ്തകത്തിനും ഇന്നേവരെ ചന്ദ്രമോഹന്‍ ഒരു പ്രതിഫലവും സ്വീകരിച്ചിട്ടില്ല. 1970കളില്‍ ചില ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് കൊടുത്തപ്പോള്‍ അന്നത്തെ പത്രാധിപരായ എന്‍. വി. കൃഷ്ണവാര്യര്‍ ചന്ദ്രമോഹനനോട് പറഞ്ഞത് ഇങ്ങനെയാണ് : ‘ താന്‍ എഴുതിയ രണ്ട് പേരഗ്രാഫ് വികസിപ്പിച്ചാല്‍ ഒരു ലക്കത്തിന് ധാരാളം. അതേ സാധാരണക്കാരന് മനസ്സിലാവൂ’. 
      നേരൂദയുടെ തിരഞ്ഞെടുത്ത കഥകള്‍ മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. അവതാരികയെഴുതിതാവട്ടെ എം. പി. ശങ്കുണ്ണി നായരും. പുസ്തകങ്ങളിലും നിരവധി ആനുകാലികങ്ങളിലും ചന്ദ്രമോഹന്റെ സാഹിത്യം വെളിച്ചം കണ്ടെങ്കിലും ഒന്നിന്റെയും കോപ്പി സൂക്ഷിച്ചു വെച്ചിട്ടില്ല. ചിലതൊക്കെ സൂക്ഷിച്ചു വെച്ചെങ്കിലും ആരൊക്കെയോകൊണ്ടുപോയി. പിന്നെ തിരിച്ച് കൊണ്ടുവന്നതുമില്ല.  
        ‘സമാഹൃതരചനകള്‍’ എന്നൊരു പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്നെ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഫ്കയുടെ ‘കാസില്‍’ (The Castle) ജര്‍മ്മന്‍ ഭാഷയില്‍ നിന്നും നേരിട്ട് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന തിരക്കിലാണ് ചന്ദ്രമോഹന്‍.കാഫ്കയുടെ കൈയ്യെഴുത്ത്പ്രതി നേരിട്ട് ജര്‍മ്മന്‍ ഭാഷയില്‍ അച്ചടിച്ചതിന്റെ കോപ്പി ഉപയോഗിച്ചാണ് വിവര്‍ത്തനം ചെയ്യുന്നത്.   ജര്‍മ്മന്‍ ഭാഷയിലെ ഒരു വാക്കിന് നിരവധി അര്‍ത്ഥങ്ങളുള്ളതിനാല്‍ വിവര്‍ത്തനം ഏറെ പ്രയാസകരമാണ്. ഇത് മാതൃഭൂമി പ്രസിദ്ധീകരിക്കാമെന്നേറ്റിട്ടുണ്ടെന്നും ചന്ദ്രമോഹന്‍ പറഞ്ഞു.
     കോഴിക്കോട് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ്, കോഴിക്കോട് യൂണിവേഴ്സിറ്റി തലശ്ശേരി കാമ്പസ് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പഠനം. ലോകത്തിന്റെ ഏതുഭാഗത്തും  പ്രാദേശികമായിപ്പോലും പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള  ജി. ഇ. സി. റേഡിയോവിലൂടെയാണ് ചന്ദ്രമോഹന്‍ വിദേശ സാഹിത്യത്തെ അടുത്തറിയുന്നത്. തൃശൂര്‍ കേരളവര്‍മ കോളജില്‍ അദ്ധ്യാപകനായി ജോലി ചെയ്തങ്കിലും പിന്നീട് അതുപേക്ഷിച്ചു. അതിനു ശേഷം ഇന്ത്യക്ക് അകത്തും, പുറത്തുമുള്ള നിരവധി യൂണിവേഴ്സിറ്റികളില്‍ വിസിറ്റിങ്ങ് പ്രൊഫസറായി ജോലിചെയ്തു.സ്പാനിഷ്, ജര്‍മ്മന്‍, റഷ്യന്‍, സംസ്കൃതം എന്നീ ഭാഷകള്‍ അറിയുന്ന ചന്ദ്രമോഹന്ന് ആത്മീയത്തിലും നല്ല പരിജ്ഞാനമുണ്ട്.  കുറച്ചു വര്‍ഷങ്ങളായി അധികം പുറത്തുപോകാതെ കതിരൂരിലെ വീട്ടില്‍ സഹോദരനോടൊപ്പം എഴുത്തും വായനയുമായി കഴിയുകയാണ്. 
     സോഷ്യല്‍ മീഡിയകളിലും ഇന്റര്‍നെറ്റിലും തിരക്കിയല്‍ ചന്ദ്രമോഹനനെക്കുറിച്ച് ഒരു വിവരവും  ലഭിക്കില്ല. എന്തിന് മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹം ഉപയോഗിക്കാറില്ല. ചില യൂണിവേഴ്സിറ്റികളുടെ സൈറ്റില്‍ പോയാല്‍ ചന്ദ്രമോഹന്‍ എന്ന പേര് മാത്രം ചിലപ്പോള്‍ കണ്ടെന്നിരിക്കും. ‘കെ’ എന്ന ഇനീഷ്യല്‍ പോലും പേരിനോടൊപ്പം ചേര്‍ക്കാറില്ല.പബ്ലിസിറ്റി ആവശ്യമില്ല. എന്റെ പേര് പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ തീരുമാ‍നം. 
(2014 മെയ് 6 ന് മാതൃഭൂമി ‘കാഴ്ച’യില്‍ പ്രസിദ്ധീകരിച്ച ലേഖനം)
 മാതൃഭൂമി ആഴ്ചപ്പതിപ്പ് 2014 മെയ് 18 ന്റെ ലക്കത്തില്‍ ചന്ദ്രമോഹനനുമായി ശിഖ മോഹന്‍ ദാസ് നടത്തിയ അഭിമുഖവും, 1977ല്‍ എം. പി. രാധാകൃഷ്ണന്‍ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ ‘സമസ്യ’യുടെ ആദ്യ ലക്കത്തില്‍ മാര്‍ക്കേസിന്റ Tuesday Siesta എന്ന കഥ ഉച്ചമയക്കം എന്ന പേരില്‍ ചന്ദ്രമോഹന്റെ പരിഭാഷയും ഇതോടൊപ്പം കൊടുക്കുന്നു.


                             

















2 അഭിപ്രായങ്ങൾ:

  1. Saneesh Elayadath Facebook ല്‍ കുറിച്ചിട്ട അഭിപ്രായം ഞാന്‍ കോപ്പിചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു
    എം പി രാധാകൃഷ്ണന്‍ മാഷുടെ സംവാദം മാസികയില്‍ മാര്‍കേസിനെകുറിച്ച് ചന്ദ്രമോഹന്‍ എ‍ഴുതിയിരുന്നു. ദീര്‍ഘമായത്, ഗംഭീരവും ലളിതവുമായ ഭാഷയില്‍. അന്ന് മാഷ് ചന്ദ്രമോഹനെക്കുറിച്ച് വലിയ മതിപ്പോടെ പറഞ്ഞ നല്ല വാക്കുകളെല്ലാം ഓര്‍മയിലുണ്ട്. തലശ്ശÔരിക്കാരനായിരുന്നിട്ടും, അദ്ദേഹം പെരുമാറിയിരുന്ന ആ ഇടത്തിന്‍റെ പരിസരങ്ങളിലൊക്കെയും ഉണ്ടായിരുന്നിട്ടും നേരിട്ട് കണ്ടിട്ടേയില്ല. കാഫ്കയുടെ ദ് കാസില്‍ ജര്‍മ്മന്‍ഭാഷയില്‍ നിന്ന് നേരിട്ട് മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയാണ് അദ്ദേഹം ഇപ്പോളെന്ന് കതിരൂര്‍ക്കാരന്‍ സുഹൃത്ത് രാകേഷ് G.v. Rakesh പറയുന്നു. ചെറുതാണെങ്കിലും ചെറുതല്ല ഈ കുറിപ്പ്


    "ക‍ഴിയുമീ നിശീഥിനിയിലെനിക്കേറ്റ
    മ‍ഴലെ‍ഴുന്നതാം വരികളെ‍ഴുതുവാന്‍"

    എന്ന് അദ്ദേഹം നെരൂദയെ വിവര്‍ത്തനം ചെയ്തത് എടുത്തെ‍ഴു തിയിരിക്കുന്നു, ഈ കുറിപ്പ് ഷെയര്‍ ചെയ്ത് കൊണ്ട് ദിലീപ് രാജ് Dileep Raj രണ്ട് പേര്‍ക്കും നന്ദി....

    മറുപടിഇല്ലാതാക്കൂ
  2. Dileep Raj Facebook ല്‍ കുറിച്ചിട്ട അഭിപ്രായം ഞാന്‍ കോപ്പിചെയ്ത് ഇവിടെ പ്രസിദ്ധീകരിക്കുന്നു
    " കഴിയുമീ നിശീഥി നിയിലെനി --
    ക്കേ റ്റ --
    മഴലെഴു ന്നതാം വരികളെ --
    ഴുതുവാൻ "

    ബാലചന്ദ്രനും സച്ചിദാനന്ദനും തര്ജ്ജമ ചെയ്ത ആ നെരൂദ കവിത
    ചന്ദ്രമോഹനും പരിഭാഷപ്പെടുത്തി..അതിലെ ആദ്യ വരികളാണിത്

    കാലിക്കറ്റ് യൂനിവെർസിട്ടിയിലെ എന്റെ ഹോസ്റ്റെൽ മുറിയിൽ
    ഇരുന്നു, ലഹരിയുടെ ഇടവേളകളിൽ ഒരിക്കൽ അദ്ദേഹം അതിന്റെ സ്പാനിഷ് മൂലം വായിച്ചു കേള്പ്പിച്ചു..
    അതിലും ഉണ്ട് 'ഴ' എന്ന പ്രാസം !

    പിന്നെയും ഏറെ ഉണ്ട് ചന്ദ്രമോഹൻ കഥകൾ..
    ഡീ സീ ബുക്സിൽ ജോലി ചെയ്യുമ്പോൾ
    എന്സിക്ലോപെഡിയ ബ്രിട്ടാനിക്ക മലയാളം എഡിറ്റ്‌ ചെയ്യാൻ വേണ്ടി മാസ വാടകയ്ക്ക് ലോദ്ജിൽ മുറി എടുത്തു താമസിപ്പിച്ചു..

    ലോഡ്ജുകാരാൻ എന്നെ തല്ലിയില്ല എന്ന് മാത്രം..!! സംഭവം പാതി വഴി അവസാനിച്ചു..

    ഇദ്ദേഹത്തിന്റെ വിവര്തനതിന്റെ നിലവാരം അറിയാൻ സൈലെൻസ് പ്രസിദ്ധീകരിച്ച ഓഷോയുടെ "യോഗയുടെ പാത' വായിച്ചാൽ മതി.. ഇത്രേം ഒറിജിനൽ ആയ ഒരു മലയാളം ഓഷോ കൃതി വേറെ കാണില്ല !

    മഹാനായ മറ്റൊരു പൊന്ന്യം കാരൻ യൂ പീ ജയരാജിനൊപ്പം ആണ് ഞാൻ ആദ്യം നേരിൽ കാണുന്നത്..അന്ന് വൃത്തിയുള്ള ഒരു സ്കൂൾ അധ്യാപകൻ.. അസ്സമിലൊ മറ്റോ..(ഈ 'വിദേശ സരവകലാശാലാ അധ്യാപനം' എനിക്കത്ര ഉറപ്പുള്ള കാര്യമല്ല..)അദ്ധേഹത്തെ പറ്റി ഐതിഹ്യ സമാനമായ കഥകൾ അതിനു മുമ്പേ കേട്ടിരുന്നു..മാഹിയിൽ ഇരുന്നു മദ്യപിക്കുന്നു ഒരു സംഘത്തിൽ..അപ്പുറത്ത് ഒരു ആഷ് പോഷ് സംഘം. അവർ അവിടെ ഇരുന്നു ചന്ദ്ര മോഹനും മറ്റും പറയുന്ന ഇം ഗ്ലീഷിനെ കളിയാക്കി എന്തോ പറഞ്ഞു.ഉടനെ ചന്ദ്ര മോഹന എണീറ്റ്‌ ഭാഷയെ പറ്റി ഒരു പ്രഭാഷണം..അവസാനിപ്പിച്ചത് മലയാളത്തിൽ.. " മാത്രമല്ല, ഇവിടെ അത്ര തണുപ്പൊന്നും ഇല്ല ! ഷ്ഹ്, ഹൂശ് എന്നൊക്കെ ഉച്ചരിക്കാൻ " ആ കുട്ടികളുടെ വക ആയി പിന്നെ ചെലവ് എന്ന് കഥ !

    സംക്രമണത്തിലും, പ്രേരണയിലും തർജ്ജമകൾ കാണും.. തിയറി..അജ്ഞാത കര്താവായി സാർ തൃന്റെ Being and Nothingness , 'ഭാവവും അഭാവവും' എന്ന പേരില് പണ്ട് തര്ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ് പുള്ളി പറഞ്ഞത്, ഒരിക്കൽ, സംഭവം കണ്ടു കിട്ടിയിട്ടില്ല.

    ടീ ക്കെ രാമചന്ദ്രന്റെം മറ്റും കാലത്ത്, ഗവേഷകൻ ആയിരുന്നു.
    ഷെപ്പേര്ഡു ആണ് ഗൈഡ് ..അദ്ദേഹം താമസിച്ചിരുന്നത്
    ഗസ്റ്റ് ഹൗസിലും. അദ്ദേഹം മരിച്ചപ്പോൾ ടൈപ്പ് റൈറ്റർ അടക്കം കുറെ സാധനങ്ങള കളവു പോയി..അക്കൂട്ടത്തിൽ, ചന്ദ്രമോഹn സമര്പ്പിച്ച തീസിസ് അധ്യായങ്ങളും.

    കുറച്ചു നാൾ കഴിഞ്ഞപ്പോൾ സ്ഥലം എസ് ഐ ചന്ദ്രമോഹനെ വിളിപ്പിച്ചു..

    " താങ്കള് കഞ്ചാവ് വലിക്കുമോ ?"
    --ചന്ദ്രമോഹൻ ഒന്ന് അദ്ഭുതപ്പെട്ടു.. ഇതെങ്ങനെ ഇയ്യാൾ അറിഞ്ഞു !
    "അതെന്ടാ സാർ അങ്ങനെ ചോദിച്ചത് ?"
    " അല്ല, വളരെ ചെറിയ പോയിന്റുകൾ 'സ്വാതന്ത്ര്യം' എന്നൊക്കെ പറഞ്ഞു വലിച്ചു നീട്ടി ഒരധ്യായം ഒക്കെ എഴുതി വെച്ചിരികുന്നത് കണ്ടു. അത് കൊണ്ട് ചോദിച്ചതാ. !!"

    -- എസ ഐ തൊണ്ടി മുതൽ തിരച്ചു കിട്ടിയത് കൊടുക്കാൻ വിളിപ്പിച്ചതാണ് !
    ആ എസ ഐയെ സ്വന്തം നാട്ടില വെച്ച് വീണ്ടും കണ്ട കാര്യം ചന്ദ്രമോഹൻ കൂട്ടിച്ചേർത്തു..

    പിന്നെ അന്ഗമാലീൽ കേരളീയം ഒക്കെ ചേർന്ന് നടത്തിയ ഒരു വർക്ക്‌ ഷോപ്പിൽ ഞങ്ങൾ ഒരു സംഘം , ദീപക് നാരായണൻമുതൽ ചന്ദ്ര മോഹന് വരെ ഇടിച്ചു കയറി.. നിസാര് അഹമ്മദ്‌ ആണ് സംസാരിക്കുന്നത്.. ഒരു സംശയം എന്ന് പറഞ്ഞു ചന്ദ്ര മോഹന എഴുന്നേറ്റു.. ചന്ദ്ര മോഹനോ , വരൂ, സമസാരിക്കൂ എന്ന് ഭവ്യതയോടെ പറഞ്ഞു നിസാര് വേദി ഒഴിഞ്ഞു കൊടുത്തു !ഭാഷയില പണിയുന്നവർ തമ്മിലുള്ള പൂർവ ബന്ധം !

    വൈകിട്ട് കവിയരങ്ങ്..വീ എം ഗിരിജ മുതൽ അന്വര് അലി വരെ ഉണ്ട്..
    ഞങളുടെ 'തോളിൽ' ചന്ദ്രമോഹനും കവിതകള അവതരിപ്പിച്ചു.. ഒരെണ്ണം അവിടെ ഇരുന്നു ആണ് എഴുതി പൂര്ത്തിയാക്കിയത്..

    രാത്രി , പരിസ്ഥിതി അച്ചടക്കം ലങ്ഘിച്ച ഞങ്ങളെ ക്യാമ്പിൽ നിന്ന് ഇറക്കി വിട്ടു ! (രാത്രി വരെ എങ്ങനെ സഹിച്ചോ ആവൊ !)

    അങ്കമാലി ബസ്‌ സ്ടാണ്ടിൽ പാതി രാത്രി വളഞ്ഞ 'നാട്ടുകാരിൽ' നിന്നും ഓടി രക്ഷപ്പെട്ടു ഞങ്ങൾ കോഴിക്കോട്ടേക്ക് ബസ്സില കേറിപ്പറ്റി ! ( അരധ രാത്രി വെളിവില്ലാത്ത കുറേപ്പേർ ഒരു സ്ത്രീ, അതായത് രേഷ്മ, യോടൊപ്പം കണ്ട-- വെളിവില്ലാത്ത സ്ത്രീ പുരുഷന്മാരെ ഒരുമിച്ചു കണ്ട എന്ന് വായിക്കാം, ശരാ -'ശരി രാഷ്ട്രീയ'ക്കാര്ക്ക്!-- ഓട്ടോ ഡ്രൈവർമാരും മറ്റും ചുറ്റിപ്പറ്റുകയും ചന്ദ്ര മോഹന അവരോടു കോര്ക്കുകയും ആയിരുന്നു)

    അങ്ങേയറ്റം നോക്കിയിട്ടാണ് ഞാൻ പരാജയം സമ്മതിച്ചത്..അദ്ധേഹത്തെ കൊണ്ട് വിവരത്നങ്ങൾ ചെയ്യിപ്പിക്കാൻ..

    അരുന്ധതി റോയിയുടെ 'സെപ്റ്റംബർ വന്നണയുമ്പോൾ "(Come September!')എന്ന ഒരു ലേഖനം തര്ജ്ജമ ചെയ്തിരുന്നു എന്നോര്മ ...


    ഭൂതകാലത്തിൽ അല്ലാതെ ചന്ദ്രമോഹനിൽ നിന്നും എന്തെങ്ങിലും കിട്ടിയാൽ ഭാഷയിൽ മലയാളം സർവകലാ ശാല വന്നതെക്കൾ ഉണര്വുണ്ടാകും, ഉറപ്പു !

    മറുപടിഇല്ലാതാക്കൂ