Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ഞായറാഴ്‌ച, മാർച്ച് 15, 2015

പൊതുജനമാണിവിടെ തോറ്റത്

     നിയമസഭ ഒരു ദേവാലയം പോലെ എന്നും സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജി.കാര്‍ത്തികേയന്‍. മാര്‍ച്ച് 13-ാം
തിയ്യതി കേരള നിയമസഭയിലെ പ്രകടനം കണ്ട് ജി.കാര്‍ത്തികേയന്റെ ആത്മാവ് സത്യം പറഞ്ഞാല്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടാവും. ബജറ്റ് അവതരണ ദിവസം നമ്മുടെ സാമാജികര്‍ കാട്ടിക്കൂട്ടിയ പേക്രാന്തങ്ങള്‍  തലയിലില്‍ ആള്‍പ്പാര്‍പ്പിടമുള്ള ഒരാള്‍ക്കും അംഗീകരിക്കാനാവില്ല. ഒരു ചെറുഅനക്കം പോലും ലോകസമക്ഷം കാണുന്ന  അധുനിക കാലത്ത് ഉളുപ്പും മാനവും, വിവരവുമില്ലാത്ത ഇവന്‍മാരുടെ പ്രകടനം മലയാളിക്ക്  പുച്ഛത്തോടെ സ്വയം ലജ്ജിക്കാനെ തോന്നുന്നുള്ളൂ.  . വിദ്യാസമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന മലയാളിക്ക് അവന്റെ പ്രതിനിധിയായി നിയമസഭയിലേയ്ക്ക് പറഞ്ഞയക്കുന്ന ഈ ആഭാസന്‍മാര്‍ മഴപെയ്യുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍  കയറി നിന്ന വിവരം പോലും കാണിച്ചില്ല.
     മുണ്ട് മാടിക്കുത്തി തെരുവു തെണ്ടികളുടെ സംസ്‌കാരം പോലും കാണിക്കാത്ത ഇവന്‍മാര്‍ക്ക് തുണിയില്ലാതെ നിന്ന് പ്രതിഷേധിക്കുന്നതായിരുന്നു അഭികാമ്യം.ഇവരെയാണോ നാം മാതൃകയാക്കി പുതുതലമുറയ്ക്ക് സാമൂഹിക പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തേണ്ടത് ! ഈ ആഭാസന്മന്‍മാരെയാണോ നാളെ സ്‌കൂളുകളിലും,സാംസ്‌കാരിക സദസ്സുകളിലും വിശിഷ്ടാതിഥിയായിയും, മുഖ്യപ്രഭാഷകനായും  കെട്ടിയെഴുന്നള്ളിക്കേണ്ടത് ? പ്രതിഷേധിക്കാന്‍ ഒരുപാട് മാര്‍ഗ്ഗങ്ങളുണ്ട്. അവയൊന്നും സ്വീകരിക്കാതെ സ്പീക്കറുടെ ഡയസ്സും, കമ്പ്യൂട്ടറും തല്ലിത്തകര്‍ക്കുന്ന ഇവന്‍മാര്‍ ദേഷ്യം വന്നാല്‍ വീട്ടില്‍ സ്വന്തം ചെലവില്‍ വാങ്ങിച്ചു വെച്ചിട്ടുള്ള സാധനങ്ങള്‍ നശിപ്പിക്കുമോ?
     ആരാന്റെ മക്കളുടെ കാര്യം പോട്ടെ. എം.എല്‍.എ മാര്‍ക്കും മക്കളും, മരുമക്കളും,ചെറുമക്കളും ഒക്കെയുള്ളവരാണ്. അവനവന്റെ മക്കള്‍ക്ക ഏറ്റവും നല്ല മാതൃകയാവേണ്ടത്
അവരുടെ അച്ഛനമ്മമാരാണ്. അവരിങ്ങനെയാകുമ്പോള്‍ അവരുടെ മക്കളുടെ കാര്യം തഥൈവ. എന്റെ അച്ഛനാണ് / വല്യച്ഛനാണ്/ അമ്മാവനാണ് നിയമസഭയില്‍ മുണ്ടും മടക്കിക്കുത്തി താണ്ഡവമാടിയതെന്ന് മറ്റുള്ളവരോട് അവര്‍ക്കെങ്ങനെ പറയാനാവുമെന്ന്  ഒന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ഇക്കണ്ടതിന്റെ പകുതി മാത്രമല്ലെ അരങ്ങേറുകയുളളൂ.
      അടിച്ചവനും, അടികൊണ്ടവനും, കടിച്ചവളും ,കടിയേറ്റവനും നാളെ മുഖാമുഖം കാണേണ്ടവരല്ലേ. ഇങ്ങനെയുള്ള ഇവന്‍മാര്‍ എങ്ങനെ നാട് നന്നാക്കും.സ്വയം നന്നാവാത്തവനാണ് ഒരു സംസ്ഥാനം നന്നാക്കാനൊരുങ്ങുന്നത് !
     അടിച്ചവനും, തുള്ളിയവനും, നശിപ്പിച്ചവനും,കാഴ്ചക്കാരനായി നിന്നവനും നിയമസഭാ ഹാജര്‍ പുസ്തകത്തില്‍ ഒപ്പു വെച്ചാണ് സഭയിലേക്ക് പോവുന്നത്. അടിച്ചാലും, തുള്ളിയാലും അവന് അന്നേ ദിവസത്തെ മുഴുവന്‍ അലവന്‍സും അവന്റെ അക്കൗണ്ടിലെത്തും. അതവന്‍ ഉറപ്പ് വരുത്തിയിട്ടാണ് ഈ തെമ്മാടിത്തരത്തിന് പോകുന്നതെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.ഹാജര്‍ പുസ്തകത്തില്‍ ഒപ്പു വെച്ച് പ്രതിഷേധ സൂചകമായി അന്നേദിവസത്തെ ആനുകൂല്യം വേണ്ടെന്ന് വെച്ചിരുന്നുവെങ്കില്‍ ജനത്തിന്റെ വക എപ്ലസ് കിട്ടിയേനെ.  ഈ പരിപാടികൊണ്ട് രക്ഷപ്പെട്ടത് ചാനലുകാരാണ്. അവന് അന്നേക്ക മാത്രമല്ല കുറച്ചു ദിവസത്തേയ്ക്കുള്ള വിഭവങ്ങളായി. അടികൊണ്ട വാച്ച് ആന്റ് വാര്‍ഡന് അടികിട്ടിയത് മിച്ചം. ഭരണപക്ഷവും, പ്രതിപക്ഷവും ഒരുപോലെ ജയിച്ചപ്പോള്‍ ഇവിടെ തോറ്റത് കേരളത്തിലെ വോട്ടര്‍മാര്‍ തന്നെ.ബജറ്റ് അവതരണദിവസം ജനത്തെ പൊട്ടനാക്കിയതിലും രസകരം പിറ്റേദിവസത്തെ ഹര്‍ത്താലാണ്.എന്തിനാണ് ഹര്‍ത്താലെന്നത് ഉത്തരം കിട്ടാത്ത ചോദ്യം. ഇവിടെയും ജനം ഏറാന്‍മൂളികളാവുന്നു.കേരള ജനതയ്ക്ക് വിദ്യാഭ്യാസമുണ്ട്. പക്ഷെ വിവരമില്ലെന്ന് ആണയിട്ട് പറയാനാവും.
     
13-ാം നിയമസഭയില്‍ 13-ാം സമ്മേളനത്തില്‍ 2015 മാര്‍ച്ച് 13 ന് കെ.എം.മാണിയുടെ 13-ാമത്തെ ബജറ്റ് അങ്ങനെ വിപ്ലവാത്മകമായ അവതരണത്തിന് സാക്ഷിയായെന്ന് നിയമസഭാ രേഖകളിലും, മാണിയുടെ ജീവചരിത്ര പുസ്തകത്തിലും ഇടംപിടിക്കാന്‍ സഹായിച്ചത് അടിച്ചവന്റെയും, കടിച്ചവളുടെയും മിടുക്കായി മാറി. മാണി ഇവരോടാണ് നന്ദി പറേണ്ടത്.
     ഒന്നൊന്നൊര വര്‍ഷത്തിനുശേഷം 52 പല്ലും ഇളിച്ച് കാട്ടി മുണ്ടും താഴ്ത്തിയിട്ട് തൊഴുകൈയ്യോടെ പൊട്ടന്‍കളിച്ച ഈ വിദ്വാന്‍മാര്‍ വീണ്ടും നമ്മുടെ മുന്നിലെത്തും. അപ്പോള്‍ എല്ലാം മറന്ന് അവന്റെ പൊട്ടന്‍കളിക്ക് മുന്നില്‍ കഴുതകളായ പൊതുജനം വീണുപോകും. ജനത്തെ ഒന്നടങ്കം വിഢികളാക്കി ഇവന്‍ സുരക്ഷിതാനാവും. ഇതാണ് ജനാധിപത്യം.