Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

തിങ്കളാഴ്‌ച, ഫെബ്രുവരി 08, 2016

Advt.P.K.RAVEENDRAN

അസഹിഷ്ണുതയുടെ കാലത്ത് പ്രണയയാത്രകൾ നടത്തുന്ന രവീന്ദ്ര കവിതകൾ
'ഇവിടെ സത്യം
കുരിശിൽ പിടയുമ്പോൾ
എവിടെ ഞാനെന്റെ
യൾത്താര പണിയുവാൻ
തെരുവിലങ്ങിങ്ങു
തലകളുരുളുമ്പോൾ
എവിടെ ഞാനെന്റെ
ബുദ്ധനെ തിരയുവാൻ
വാളുകൊണ്ടെന്റെ
നെഞ്ചകം  പിളരുമ്പോൾ
എവിടെ ഞാനെന്റെ
ഗാന്ധിയെ കാണുവാൻ
    
തിന്മയും, അസത്യങ്ങളും,അസഹിഷ്ണുതയും  ഉറഞ്ഞു തുള്ളുന്ന വർത്തമാനകാലത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽ വീർപ്പുമുട്ടുന്ന  വിഹ്വലതകൾ ഉച്ചത്തിൽ വിളിച്ചു പറയുകയാണ് 'എവിടെ ഞാനെന്റെ കുതിരയെക്കെട്ടുവാൻ' എന്ന കവിതയിലൂടെ രവീന്ദ്രൻ മാഷ് എന്ന അഡ്വ. പി. കെ. രവീന്ദ്രൻ.  അടുത്തിടെ പ്രസിദ്ധീകരിച്ച കവിതാ സമാഹാരമാണ് എവിടെ ഞാനെന്റെ കുതിരയെ കെട്ടുവാൻ എന്ന പുസ്തകം.ആത്മചേതനയുടെ മുള്ളും പൂവും മഴയും വെയിലും മഞ്ഞും ഉരുകിച്ചേർന്ന കവിതകളാണെന്നാണ് ആമുഖത്തിൽ കവി പി.കെ. ഗോപി എഴുതിയിരിക്കുന്നത്. 27 കവിതകളാണ് ഇതിലുള്ളത്. 
     മഴമേഘമെന്തേ മടിക്കുന്നു, പാടാൻ മറന്ന പക്ഷികൾ, വർണ്ണപ്പറവകൾ, മിഠായിപ്പൊതി,പ്രണയകവിതകൾ എവിടെ ഞാനെന്റെ കുതിരയെകെട്ടുവാൻ,  എന്നിങ്ങനെ  ആറ ്കവിതാ  സമാഹാരങ്ങളും രവീന്ദ്രന്റെതായിട്ടുണ്ട്. അതിൽ വർണ്ണപ്പറവകളും, മിഠായിപ്പൊതിയും ബാലസാഹിത്യമാണ്. പ്രണയപർവ്വം,നർമ്മകഥകൾ, എന്നിവ ഉടൻ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകങ്ങളും.
     'ബിംബങ്ങൾ അബോധപൂർവ്വകമായി വാക്കുകളുടെ അനുസ്യൂതിയിലേക്ക് കടന്നു വരുന്നത് രവീന്ദ്രന്റെ ഹൃദയത്തിൽ ഒരു കവിയുണ്ട് എന്നു തന്നെയാണ് ' മഹാകവി അക്കിത്തം 'പാടാൻ മറന്ന പക്ഷികൾ' എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ എഴുതിയതാണിത്.പ്രഥമ സമാഹാരമായ വർണ്ണപ്പറവകൾ എന്ന പുസ്തകത്തിന്റെ അവതാരികയിൽ ബാലസാഹിത്യകാരൻ കെ. തായാട്ട് പറഞ്ഞതിങ്ങനെ: 'എക്കാലത്തേക്കും ഓർമ്മിക്കുന്നവയാവും. അത്രമാത്രം ചലനാത്മകതയും, ജീവസ്സുമണ്ട് കവിതകൾക്ക്.' മഴമേഘമെന്തേ മടിക്കുന്നു എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ 'അനുഭവങ്ങളുടെ യഥാർത്ഥമായ ചിത്രണം എന്നതിനപ്പുറം അനുഭൂതികളുണർത്തുന്ന മാറ്റൊലികളാണ്  ഇതിലെ കവിതകൾ.-എന്നാണ്      വാണിദാസ് എളയാവൂർ സാക്ഷ്യപ്പെടുത്തുന്നത്. മഴമേഘമെന്തേ മടിക്കുന്നു എന്ന പുസ്തകത്തിലെ കവിതകൾ അഡ്വ. പ്രശാന്ത് കതിരൂർ ഈണമിട്ട് പാടി സിഡിയാക്കി പുറത്തിറക്കിയിട്ടുണ്ട്.കൂടാതെ ചാക്യാർ വിനോദം മാസികയുടെ 2008 ലെ മികച്ച കവിതാ സമാഹരത്തിനുള്ള മഹാകവി പി. കുഞ്ഞിരാമൻ നായർ  പുരസ്‌കാരവും ഈ സമാഹാരം  നേടിയിട്ടുണ്ട്.   നർമ്മകഥകൾ എന്ന പുസ്തകത്തിന് പി. ആർ. നാഥനാണ്  അവതാരിക എഴുതിയിട്ടുള്ളത്. നിത്യ കാമുകൻ നിത്യകന്യകയെ തേടി നടക്കുന്ന പ്രണയ യാത്രപോലൊന്ന് രവീന്ദ്രന്റെ കവി മനസ്സും സങ്കല്പിക്കുന്നുണ്ടെന്നാണ് പ്രണയകവിതകൾ എന്ന സമാഹാരത്തിൽ ഡോ.കൂമുള്ളി ശിവരാമൻ കുറിച്ചിട്ടിരിക്കുന്നത്.
പരതുകയാണ് ഞാൻ
മിഴികളിലുപേക്ഷിച്ച
പ്രണയമധുരത്തിന്റെ
മാന്ത്രികസ്പർശം - എന്ന വരികളിലൂടെ പ്രണയം എക്കാലവും ജീവിതത്തിന്റെ ഭാഗമാണെന്നതിലുപരി പ്രണയം മധുരിക്കുന്ന ഓർമ്മകൾ കൂടിയാണ്.  ഇതിനുപിന്നിൽ രവീന്ദ്രന്റെ പ്രണയബന്ധിതമായ ഹൃദയസ്പന്ദനമാണ്‌
    

1966ൽ പ്രധാനമന്ത്രിയായിരുന്ന ലാൽബഹാദൂർ ശാസ്ത്രി മരിച്ചപ്പോൾ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടെഴുതിയ 'ഭാരതസാരഥി' എന്ന കവിതയാണ് ആദ്യമായി എഴുതി പ്രസിദ്ധീകരിച്ചത്. അക്കാലത്ത് കൊച്ചിയിൽ നിന്ന് ഇറങ്ങുന്ന ജനശക്തി വാരികയിലാണ് അച്ചടിച്ചു വന്നത്. പിന്നീട് 300ൽ പരം കവിതകൾ ഈ 67 കാരൻ എഴുതിക്കഴിഞ്ഞു. അതിൽ ഭൂരിഭാഗവും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയണ്.
     അധ്യാപകൻ, അഭിഭാഷകൻ, സാഹിത്യകാരൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ , സംഘാടകൻ, നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റെതായ മുദ്ര പതിപ്പിച്ച  ബഹുമുഖ പ്രതിഭകൂടിയാണ്  അഡ്വ. പി. കെ. രവീന്ദ്രൻ.കവിയൂർ എൽ. പി. സ്‌കൂളിൽ  27 വർഷം അധ്യാപകനായി ജോലി ചെയ്ത രവീന്ദ്രൻ അതിൽ 11 വർഷം പ്രഥമാധ്യാപകനായിരുന്നു. ഇപ്പോൾ തലശ്ശേരി ജില്ലാകോടതിയിൽ അഭിഭാഷകനും
     വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്‌കൂൾ, കോളജ് ,സർവ്വകലാശാല തലങ്ങളിൽ കവിത, പ്രസംഗം, ലേഖനം എന്നിവയിൽ പലതവണ സമ്മാനങ്ങൾ നേടിയിട്ടണ്ട്. 'ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിദ്യാഭ്യാസവും,അധ്യാപകരും' എന്ന വിഷയത്തിൽ അഖിലേന്ത്യാ തലത്തിൽ അധ്യാപകർക്കായി നടത്തിയ ലേഖന മത്സരത്തിൽ ഒന്നാം സമ്മാനവും,'കേരളത്തിന്റെ വികസന സങ്കല്പങ്ങൾ' എന്ന പ്രബന്ധത്തിന് സി.എച്ച് മൊയ്തു മാസറ്റർ  പുരസ്‌കാരവും  ലഭിച്ചു.
     കവിയൂരിലും, പരിസരങ്ങളിലുമായിട്ടുള്ള സാംസ്‌കാരിക സ്ഥാപനങ്ങൾ ഒരുക്കുന്ന നാടകങ്ങളിൽ രവീന്ദ്രൻ മാസ്റ്റരുടെ സക്രിയ സാന്നിധ്യമണ്ടാവും. സി.എൽ. ജോസിന്റെ 28 നാടകങ്ങളിൽ മാഷ് മുഖ്യ കഥാപാത്രമായിരുന്നു. കൂടാതെ  25 നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്.സത്യൻ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന സിനിമയിൽ പ്രോസിക്യൂട്ടറായും, ക്രിക്കറ്റ്, കാലംസാക്ഷി എന്നീ ടെലീഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. 
     അധ്യാപക സംഘടനയായ കെ.എ.പി.ടി. യൂണിയന്റെ സംസ്ഥാന സെക്രട്ടറി,ഡി.ഐ.സി.ജില്ലാ സെക്രട്ടറി , തോട്ടട മാതൃഭൂമി സ്റ്റഡി സർക്കൾ പ്രസിദ്ധീകരണ സമിതി ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച രവീന്ദ്രൻ ജനശ്രീ ജില്ലാ വൈസ് പ്രസിഡന്റ്, ജനവാണി 90.8 എഫ്. എം ഡയരക്ടർ, എസ്. എൻ ട്രസ്റ്റ് കൊല്ലം ഡയരക്ടർ,ശ്രീനാരായണ സാഹിത്യ വേദി പ്രസിഡന്റ്  തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹികൂടിയാണ്.
 1975 മുതൽ 1983 വരെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രവീന്ദ്രനോട് കോൺഗ്രസ് നേതൃത്വം പെരിങ്ങളം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 24 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു. 26 ന് രവീന്ദ്രന്റെ വിവാഹവുമായിരുന്നു. എപ്രിൽ 27 ന്റെ പത്രങ്ങളിൽ 'മധുവിധു നാളെ, ഇന്ന്  വോട്ട് പിടുത്തം' എന്ന തലവാചകത്തലായിരുന്നു വിവാഹ വാർത്ത വന്നത്. ഈ വാർത്തക്ക് മറ്റൊരു പ്രത്യേകതകൂടെയുണ്ടായിരുന്നു. കുട്ടനാട് നിയോജക മണ്ഡലത്തിലെ സി. പി. എം സ്ഥാനാർത്ഥി ജി. സുധാകരനായിരുന്നു. അദ്ദേഹത്തിന്റെ കല്ല്യാണവും അന്നുതന്നെയായിരുന്നു. ആ വാർത്തയും ഇതോടൊപ്പമായിരുന്നു വന്നത്. മത്സരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലാഞ്ഞതിനാൽ  രണ്ടുദിവസത്തിനുള്ളിൽ  രവീന്ദ്രൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
     1980ൽ ലീഡർ കെ.കരുണാകരൻ പങ്കെടുത്ത കണ്ണൂരിലെ ഒരു ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർക്കും പ്രസംഗിക്കാൻ അവസരം ലഭിച്ചു.പ്രസംഗം കഴിഞ്ഞയുടൻ കരുണാകരൻ വേദിയിൽ വെച്ചുതന്നെ നല്ല പ്രസംഗമെന്ന് പരസ്യമായി പറഞ്ഞുകൊണ്ടഭിനന്ദിച്ചു. ഇത് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി മാഷ് കണക്കാക്കുന്നു.
     മാഹി ജവഹർ സെക്കന്ററി സ്‌കൂൾ അധ്യാപിക കെ.സതീദേവിയാണ് ഭാര്യ. എം.ബി.ബി.എസ്. വിദ്യാർത്ഥിനിയായ റോസ്‌നയും, ബി.ടെക്ക് വിദ്യാർത്ഥി ഷിബിനും മക്കളാണ്.

 (തലശ്ശേരിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പടയണി സായാഹ്ന പത്രത്തിൽ 5/2/2016 വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തിയ ലേഖനം)