Blogger Widgets

Flash

..എന്റെ ബ്ലോഗ് വായിക്കുന്ന ഓരോ വായനക്കാരനും ഒരായിരം നന്ദി.നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത്. ഫോണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ലങ്കില്‍ ML-TTKarthika ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ സേവ് ചെയ്യുക ... flash news: . എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ നേരുന്നു .

.

ബുധനാഴ്‌ച, ഒക്‌ടോബർ 25, 2017

ജി.രവീന്ദ്രൻ കായികാധ്യാപകനല്ല; അധ്യാപകർക്കിടയിലെ കായിക താരമാണ്

ജി.രവീന്ദ്രൻ മാസ്റ്റർ എന്നത് വെറും ഒരു അധ്യാപകനല്ല. കേരളത്തെയും ഇന്ത്യയേയും പ്രതിനിധീകരിച്ച മലയാളിയായ കായികതാരമാണ്. അതിലുപരി
ചൈനയിലെ റുഗാവോയിൽ
നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ്
അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് നേടിയ
മെഡലുകളുമായി ജി.രവീന്ദ്രൻ മാസ്റ്റർ.



നല്ലൊരു പരിശീലകനും.   2017 സപ്തംബർ 24 മുതൽ 28 വരെ ചൈനയിലെ റുഗാവോയിൽ നടന്ന 20-ാമത് ഏഷ്യൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ പങ്കെടുത്ത് 66-ാമത്തെ വയസ്സിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മൂന്ന് മെഡലുകളാണ്.മൂന്ന് മെഡലുകളും കരസ്ഥനാക്കിയ ഏക മലയാളിയും ജി.രവീന്ദ്രനാണ്. 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400 മീറ്റർ റിലെയിൽ വെങ്കലവും ഹൈജമ്പിൽ വെള്ളിയുമാണ് നേടിയത്.

 പൊന്ന്യം വെസ്റ്റ് എൽ.പി.സ്‌കൂളിൽ 28 വർഷം പ്രഥമാധ്യാപകനായിരുന്ന രവീന്ദ്രൻ  2006 മെയ് 31 നാണ്  വിരമിച്ചത്.  യു.പി.സ്‌കൂൾ സ്‌കൂൾ പഠന കാലത്ത് ഫുട്‌ബോൾ, കബഡി എന്നീ ഇനങ്ങളിൽ സബ് ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ടാണ് കളിക്കളത്തിൽ സക്രിയമാവുന്നത്.1969-71 വർഷം കോട്ടയത്ത് നിന്ന് അധ്യാപക പരിശീലനം നേടുന്ന കാലത്ത് പല ഫുട്‌ബോൾ ടൂർണ്ണമെന്റിലും പങ്കെടുക്കുകയും 'ബസ്റ്റ് പ്ലേയർ' സമ്മാനം നേടുകയും ചെയ്തു.
     1974-ലാണ് കതിരൂർ പഞ്ചായത്തിലെ കുണ്ടുചിറക്ക് സമീപത്തെ പൊന്ന്യം വെസ്റ്റ് എൽ.പി.സ്‌കൂളിൽ അധ്യാപകനായി ചേർന്നത്.1974 മുതൽ സ്ഥിരമായി 100,200മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുക്കുകയും മികച്ച വിജയവും നേടി. 1986-ൽ നടന്ന സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സിൽ ലോങ്ജമ്പിൽ വെങ്കലമെഡൽ നേടി. 1991 മുതൽ 2006 വരെ സംസ്ഥാന സ്‌കൂൾ സ്‌പോർട്‌സിൽ 40 വയസ്സിന് മുകളിലുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ 13 വർഷം ഒരേ ഇനത്തിൽ പങ്കെടുത്തുകൊണ്ട് ആറ് സ്വർണ്ണം അഞ്ച് വെള്ളി രണ്ട് വെങ്കലവും നേടിയിട്ടുണ്ട്.
     1992-93 വർഷങ്ങളിൽ ദേശീയ വെറ്ററൻസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 100 മീറ്റർ ഓട്ടം, 4x400,4x100 റിലെ, ലോങ്ജമ്പ് എന്നീ ഇനങ്ങളിൽ പങ്കെടുത്തു. മധുര, മദ്രാസ് മീറ്റുകളിൽ 4x100 മീറ്റർ റിലെയിൽ സ്വർണ്ണവും 4x400  മീറ്ററിൽ വെള്ളിയും നേടി. 2017-ൽ പയ്യന്നൂരിൽ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ 100 മീറ്റർ ഓട്ടം, ലോങ്്ജമ്പ്്, ഹൈജമ്പ് എന്നിവയിൽ വിജയിച്ചു. തുടർന്ന് ഹൈദരബാദിൽ നടന്ന ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഹൈജമ്പിൽ വെള്ളിയും 4x100മീറ്ററിൽ സ്വർണ്ണവും നേടി.
     കണ്ണൂർ ജില്ലാ ഫുട്‌ബോൾ ലീഗിൽ കൂത്തുപറമ്പ് ബ്രദേഴ്‌സ് ക്ലബ്ബിനു വേണ്ടി അഞ്ച് വർഷം കളിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി സെവൻസ് ടൂർണ്ണമെന്റുകളിൽ പല ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഫുട്‌ബോൾ, കബഡി മത്സരങ്ങളിൽ വർഷങ്ങളായി റഫറിയായി പ്രവർത്തിച്ചുവരികയാണ്.  
     ജില്ലയിലേയും സംസ്ഥാനത്തേയും സ്‌പോർട്‌സ്, ഗെയിംസ് മത്സരങ്ങൾ നിയന്ത്രിക്കാൻ ഒഫീഷ്യലായി പ്രവർത്തിച്ചിട്ടുണ്ട്. ഫുട്‌ബോളിലും കബഡിയിലും കളിക്കുന്ന കാലഘട്ടത്തിൽ തന്നെ ചെറിയ കുട്ടികൾക്ക് പരിശീലനം നല്കാറുണ്ട്.കതിരൂർ പഞ്ചായത്ത് സമഗ്ര കായിക പരിശീന ഭാഗമായുള്ള സ്‌പോർട്‌സ്, ഫുട്‌ബോൾ നീന്തൽ എന്നിവയിൽ കുട്ടികൾക്ക് പരിശീനം നല്കുന്നത് രവീന്ദ്രനാണ്. അതിനായി എന്നും അതിരാവിലെത്തന്നെ കതിരൂർ സ്റ്റേഡിയത്തിൽ എത്തും.
    
കതിരൂർ സ്‌റ്റേഡിയത്തിൽ നിന്നും
വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ജി.രവീന്ദ്രൻ.
സ്‌പോർട്‌സിലെ റഫറിയിങ്ങ്,ട്രാക്ക് മാർക്കിങ്ങ് പരിശീലനം എന്നിവയിൽ ഇപ്പോഴും സക്രിയമായി പ്രവർത്തിക്കുന്ന ജി.രവീന്ദ്രൻ മാസ്റ്റർ 2018 ൽ സ്‌പെയിൽ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്.
     കോഴിക്കോട് വെള്ളിമാട് കുന്നിലെ ജെ.ഡി.ടി.ഹൈസ്‌കൂൾ, കോട്ടയം കാരാപ്പുഴ ഗവ.ഹൈസ്‌കൂൾ, കോട്ടയം ഗവ.ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്റർ എന്നിവിടങ്ങളിലായാണ് രവീന്ദ്രൻ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ഇപ്പോൾ കതിരൂർ പൊന്ന്യത്താണ് താമസം.
     കതിരൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച എം.എ.മീനാക്ഷിയാണ് ഭാര്യ. കേരള പോലീസിലെ ഉദ്യോഗസ്ഥരായ എം.ആർ.മീരജ്, എം.ആർ.സൂരജ് എന്നിവരാണ് മക്കൾ.


(2017 ഒക്ടോബർ 24 ന് മാതൃഭൂമി കണ്ണൂർ എഡിഷനിലെ കാഴ്ചയിൽ പ്രസിദ്ധീകരിച്ചത് .ഫോട്ടോയും എഴുത്തും : ജി.വി.രാകേശ് )